ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കച്ചത്തീവിനെ കോണ്‍ഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 1974-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്ന് വിവരാവകാശ റിപ്പോര്‍ട്ട് (ആര്‍ടിഐ) പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.
വിവരാവകാശ റിപ്പോര്‍ട്ട് കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ നീക്കം ജനങ്ങളില്‍ രോഷം ഉണ്ടാക്കിയെന്നും കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.എങ്ങനെയാണ് കച്ചത്തീവ് കോണ്‍ഗ്രസ് നിര്‍ലോഭമായി വിട്ടുകൊടുത്തതെന്നാണ് പുതിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുകയും ജനങ്ങളുടെ മനസ്സില്‍ ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന രീതി. ഇത് 75 വര്‍ഷമായി തുടരുന്നു പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ ജലാശയത്തില്‍ മത്സ്യം കുറഞ്ഞതിനാല്‍ തമിഴ്നാട്ടിലെ രാമേശ്വരം പോലുള്ള ജില്ലകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പോകുന്ന സ്ഥലമാണ് കച്ചത്തീവ് ദ്വീപ്. മത്സ്യത്തൊഴിലാളികള്‍ ഇന്‍റര്‍നാഷണല്‍ മാരിടൈം ബോര്‍ഡര്‍ ലൈന്‍ (ഐഎംബിഎല്‍) കടന്ന് ദ്വീപിലെത്തുമ്പോള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലാകുന്നു.