ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ.വരുന്ന ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കായി ജന്മനാട്ടില്‍ നിന്നും മത്സരിക്കാന്‍ തയ്യാറാണെന്ന നടിയുടെ പ്രസ്താവനയോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേയ്ക്ക് സ്വാഗതം ചെയ്ത ജെപി നദ്ദ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതില്‍ ഉറപ്പ് നല്‍കിയില്ല.കങ്കണയുടെ പാര്‍ട്ടി പ്രവേശനം സ്വാഗതം ചെയ്യുന്നു. എന്നാല്‍.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് താഴെ തട്ടില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി മുതല്‍ പാര്‍ലമെന്‍ററി ബോര്‍ഡ് വരെ കൂടിയാലോചിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കാനാകു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബിജെപിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പാര്‍ട്ടിയില്‍ വിശാലമായ സ്ഥാനമുണ്ടെന്ന് പറഞ്ഞ ജെപി നദ്ദ പക്ഷേ അത് നിരുപാധികമായ കടന്നു വരവായിരിക്കണമെന്നും കുട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്താല്‍ തന്‍റെ ജന്മനാട്ടില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയില്‍ ‘പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ്’ എന്ന പരിപാടിയില്‍ വെച്ച് കങ്കണ റണാവത് നടത്തിയ പ്രസ്താവന. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ മാണ്ഡിയില്‍ നിന്നും ജനവിധി തേടാന്‍ മടിയില്ല എന്നാണ് നടി അറിയിച്ചത്.