കക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി ; 8 ഡാമുകളില്‍ റെഡ് അലര്‍ട്ട്

Top News

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്.
കേരള ഷോളയാര്‍ ഡാം രാവിലെ പത്തിന് തുറന്നിട്ടുണ്ട്. ചാലക്കുടിയില്‍ വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴുമണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. അണക്കെട്ടില്‍ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. 2397.86 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലുമാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 133 അടി പിന്നിട്ടു.
എറണാകുളം ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലുഅലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *