കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്‍റെ ഷട്ടര്‍ മൂന്നടി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ ആരംഭിച്ചത്.നിലവില്‍ കക്കയം ഡാമില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം തുറന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടടി വരെ ഉയരാന്‍ സാധ്യതയുണ്ട്.
ഇതേ തുടര്‍ന്ന്, കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവില്‍ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.അതിനിടെ, കനത്ത മഴക്ക് സാധ്യത ഉള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി സജീവമായിട്ടുണ്ട്.തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.