ഓഹരി വിപണി ആരോപണവുമായി രാഹുല്‍ ഗാന്ധി; തള്ളി ബി.ജെ.പി

Top News

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നതായി ആരോപണം. മെയ് 31ന് ഓഹരി വിപണിയില്‍ വന്‍ നിക്ഷേപം നടന്നു. നാലിന് വിപണി തകര്‍ന്നപ്പോള്‍ വന്‍ നഷ്ടമുണ്ടായി. സംയുക്ത പാര്‍ലമെന്‍ററി സമിതി ഈ തട്ടിപ്പ് അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ സ്റ്റോക്ക് മാര്‍ക്കറ്റിനുവേണ്ടി എക്സിറ്റ് പോളുകള്‍ തെറ്റായി വരുത്തിത്തീര്‍ത്തു. ഓഹരി വിപണിയില്‍ തിരിമറി നടത്താന്‍ എക്സിറ്റ് പോളുകള്‍ ഉപയോഗിച്ചു. ചില പ്രത്യേക കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ പ്രധാനമന്ത്രി പ്രേരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് കോടികളാണ് ഓഹരി നിക്ഷേപത്തിലൂടെ നഷ്ടമായത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം തള്ളി ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിനേറ്റ പരാജയത്തില്‍ ആത്മ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയതെന്ന് ബി.ജെ.പി നേതാവ് പിയുഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാന്‍ പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുമ്പോള്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ഗൂഢാലോചന നടത്തുന്നത്. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ത്യയുടെ വിപണി മൂലധനം 67 ലക്ഷം കോടിയായിരുന്നെങ്കില്‍ ഇന്നത് 415 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതിലൂടെ ആഭ്യന്തര ചില്ലറ നിക്ഷേപകര്‍ക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. പിയൂഷ് ഗോയല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *