ന്യൂയോര്‍ക്: കോവിഡിലും നിറം മങ്ങാതെ 93മത് ഓസ്കാര്‍ അകാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം ‘നൊമാഡ്ലാന്ഡ്’. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്കര് ലഭിക്കുന്നത്.
നൊമാഡ്ലാന്ഡ് ചിത്രത്തിലെ ‘ഫേണ്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. പ്രശസ്ത നടന് ആന്റണി ഹോപ്കിന്‍സ് 83ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. ഹോപ്കിന്സിന്റെ രണ്ടാമത്തെ അകാദമി അവാര്‍ഡ് ആണിത്. നേരത്തെ ‘സൈലന്‍സ് ഓഫ് ദി ലാമ്പ്സി’ലെ (1992) പ്രകടനത്തിനും അദ്ദേഹത്തിന് ഇതേ പുരസ്കാരം ലഭിച്ചിട്ടുണ്ട്.പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന് ആയ യൂണിയന് സ്റ്റേഷന് ആയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന് സ്റ്റേഷന് ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊകേഷന്‍ ആയിട്ടുമുണ്ട്.സംവിധായകന് സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ നേതൃത്വത്തിലായിരുന്നു അവാര്‍ഡ് ഷോയുടെ നിര്‍മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന് ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുത്തു. എന്നാല്‍ സൂം മീറ്റിംഗ് ഒഴിവാക്കിയിരുന്നു. പതിവുപോലെ ഇക്കുറിയും ഷോ അവതാരകന് ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പുരസ്കാര ജേതാക്കളില്‍ മിക്കവരും പുരസ്കാര ദാതാക്കളായി എത്തിയിരുന്നു.