ഓര്‍ഡിനന്‍സ് വിധികര്‍ത്താവാകില്ലെന്ന് ഗവര്‍ണര്‍

Kerala

രാഷ്ട്രപതിക്ക് വിടുമെന്ന് വീണ്ടും സൂചന നല്‍കി ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി/ തിരുവനന്തപുരം:സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചനനല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്‍റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയ വിവരമറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.നിയമപരമാണോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ശനിയാഴ്ചയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയില്‍ ധാരണയുണ്ടാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *