ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍: മന്ത്രി വീണാ ജോര്‍ജ്

Top News

തിരുവനന്തപുരം : തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകളില്‍ വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 25 ക്രഷുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിലേയ്ക്കായി ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വിതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ചു.
സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും 50ല്‍ അധികം ജീവനക്കാര്‍ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യപിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.ഇത്തരത്തില്‍ ആരംഭിക്കുന്ന ക്രഷില്‍ ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകള്‍, ക്രാഡില്‍സ്, ബേബി മോണിറ്ററിംഗ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, മോപ്പുകള്‍, മറ്റ് ക്ലീനിംഗ് ഉപകരണങ്ങള്‍, ഷീറ്റുകള്‍ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശു വികസന ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമായി മുലയൂട്ടലിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനമാണ്. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുകയും വേണം. ഈ രണ്ട് കാര്യങ്ങളും കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്.
മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ഈ രണ്ട് കാര്യങ്ങളിലും കേരളത്തിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് വളരെ പ്രധാനമാണ്. കുഞ്ഞിന്‍റെ ആരോഗ്യ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കും. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതു ഇടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വനിത ശിശു വികസന വകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ മാതൃ ശിശു സൗഹൃദ ആശുപത്രികളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മാതൃശിശു സൗഹൃദമായി ഈ ആശുപത്രികള്‍ മാറുന്നതോടെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെയും ‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച രാവിലെ 11ന് പി.എസ്.സി. ഓഫീസില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *