ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി തിരിച്ച രണ്ട് വിമാനങ്ങള്‍ കൂടി ഇന്നലെ ഡല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി എത്തിയ ആദ്യ വിമാനത്തില്‍ 198 പേരും രണ്ടാം വിമാനത്തില്‍ 274 പേരുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലുമായി 36 മലയാളികള്‍ എത്തി. മടങ്ങി എത്തിയവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്. കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍, വി.കെ. സിംഗ് എന്നിവര്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.ഓപ്പറേഷന്‍ അജയ് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇതുവരെ 76 മലയാളികളടക്കം 919 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. വിമാനത്താവളത്തില്‍ എത്തിയ മലയാളികളെ കേരള ഹൗസ് അധികൃതര്‍ സ്വീകരിച്ചു. മടങ്ങി എത്തിയവര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിരുന്നു.ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവര്‍ക്ക് കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷന്‍ ഇസ്രയേല്‍ എംബസിയില്‍ തുടരുകയാണ്. വെളളിയാഴ്ച എത്തിയ ആദ്യ വിമാനത്തില്‍ 212 പേരാണ് ഇസ്രയേലില്‍ നിന്ന് തിരിച്ചെത്തിയത്. രണ്ടാം വിമാനത്തില്‍ 235 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്.