തിരുവനന്തപുരം: ഓണക്കിറ്റ് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 32 കോടി രൂപ സപ്ലെയ്കോക്ക് മുന്‍കൂറായി നല്‍കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും.തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. 13 ഇനങ്ങള്‍. തുണി സഞ്ചിയുള്‍പ്പെടെ 14 ഇനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സപ്ലെയ്കോക്ക് കിറ്റ് തയ്യാറാക്കാന്‍ മാത്രം 32 കോടി മുന്‍കൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. റേഷന്‍കടകള്‍ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നല്‍കിയിരുന്നു.കോവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് വിപുലമായ രീതിയില്‍ കിറ്റ് നല്‍കിയതെന്നും ഇത്തവണ അത്തരം സാഹചര്യം ഇല്ലെന്നുമുള്ള വാദമാണ് ഭക്ഷ്യവകുപ്പിന്.
