കണ്ണൂര്‍: ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.രണ്ട് പേരുടെയും മൃതദേഹം കത്തിനശിച്ച നിലയിലായിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാല് പേരെ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിന്‍റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.ആശുപത്രിയിലെത്താന്‍ വെറും രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് കാര്‍ അഗ്നിക്കിരയായത്. ആദ്യം കാറില്‍ നിന്ന് ചെറിയ പുക ഉയര്‍ന്നു. പിന്‍ സീറ്റിലിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. എന്നാല്‍ പെട്ടെന്ന് ഡ്രൈവര്‍ സീറ്റിന്‍റെ സൈഡില്‍ നിന്ന് തീ ഉയര്‍ന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ യുവതിയ്ക്കും പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ കത്തിയമര്‍ന്നു.
കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍ നിന്നെന്നാണ് പ്രാഥമിക നിഗമനം.സീറ്റ് ബല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിനു മുന്‍പുതന്നെ രണ്ടുപേരും അഗ്നിക്കിരയായി. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും നിഗമനമുണ്ട്.
തീ പടര്‍ന്നത് ഡാഷ് ബോഡില്‍നിന്നാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പരിശോധന നടത്തിയ ആര്‍ടിഒ പറഞ്ഞു. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല. പ്രത്യേകം സൗണ്ട് ബോക്സും ക്യാമറയും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക്ക് വിഭാഗവും അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.