തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. തൃശൂര്‍ – കോട്ടയം സൂപ്പര്‍ഫാസ്റ്റിനാണ് തൃശൂര്‍ പുഴയ്ക്കലില്‍ വച്ച് തീപിടിച്ചത്.ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.ഓടിക്കൊണ്ടിരിക്കെ ബസിന്‍റെ മുന്നില്‍ എന്‍ജിന്‍റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. യാത്രക്കാരില്‍ ഒരാളാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. ഉടന്‍ ബസ് ജീവനക്കാര്‍ സമയോചിതമായി ഇടപെടുകയായിരുന്നു. നാട്ടുകാരും ഓടിയെത്തി യാത്രക്കാരെ പുറത്തിറക്കി. തൊട്ടുടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് തീണയ്ക്കാനുള്ള ഉപകരണം നാട്ടുകാര്‍തന്നെ എത്തിച്ച് തീ അണയ്ക്കുകയും ചെയ്തു. ഇതിനിടെ അഗ്നിശമന സേനയും സ്ഥലത്തെത്തി. മുപ്പത് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്‍റെ അടിഭാഗത്തുള്ള വയറിംഗില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞയാഴ്ചയാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. അതിനുശേഷം സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ കാറുകള്‍ കത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു ഇതില്‍ പലതിനും കാരണമായത്.