ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനൊപ്പം ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ഇന്ത്യന്‍ വ്യോമസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണ ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഫില്ലിങ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ വലിയ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള നടപടികളാണ് വ്യോമസേന ആരംഭിച്ചത്.
വ്യോമസേനയുടെ സി17, ഐ.എല്‍76 ചരക്ക് ഗതാഗത വിമാനങ്ങള്‍ ഉപയോഗിച്ചാണ് വന്‍തോതില്‍ ഓക്സിജന്‍ ടാങ്കറുകള്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയാണ്. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര ഉപകരണങ്ങള്‍, മരുന്നുകള്‍ അടക്കമുള്ളവ വിവിധ കോവിഡ് ആശുപത്രികളില്‍ എത്തിക്കാനും സേനയുടെ സേവനം ലഭ്യമാണ്.
കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്റെ വലിയ ക്ഷാമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ജര്‍മനിയില്‍ നിന്ന് ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന മൊബൈല്‍ പ്ലാന്റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 23 മൊബൈല്‍ ഓക്സിജന്‍ ഉല്പാദന പ്ലാന്റുകളാണ് ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ദിവസങ്ങള്‍ നീണ്ട സാമ്പത്തിക ഉപരോധ കാലത്ത് മണിപ്പൂരില്‍ വലിയ തോതില്‍ പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങളുടെ ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ വലിയ എണ്ണ ടാങ്കറുകള്‍ വ്യോമസേനയുടെ ചരക്ക് വിമാനത്തില്‍ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിച്ചിരുന്നു.
കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യ ഓക്സിജന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയില്‍ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 4500 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
