ന്യൂഡല്‍ഹി : കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ‘ഓക്സിജന്‍ എക്സ്പ്രസ്’ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ സജ്ജമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ക്ക് വേഗത്തിലും കൂടിയ അളവിലും ഓക്സിജന്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. മദ്ധ്യപ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നീക്കം.ഓക്സിജന്‍ എക്സ്പ്രസുകളുടെ യാത്ര സുഗമമാക്കാന്‍ ഗ്രീന്‍ കോറിഡോറുകള്‍ (എതുസമയത്തും കടന്നുപോകാവുന്ന ട്രാക്കുകള്‍) സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും (എല്‍.എം.ഒ.) ഓക്സിജന്‍ സിലിണ്ടറുകളുമാണ് ട്രെയിനുകളില്‍ സംസ്ഥാനങ്ങളില്‍ എത്തിക്കുക. എല്‍.എം.ഒ. ടാങ്കറുകള്‍ റെയില്‍ മാര്‍ഗം എത്തിക്കക്കണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശും മഹാരാഷ്ട്രയും റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു.സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് രാജ്യത്ത് മൂന്ന് ലക്ഷം വരെ ഐസൊലേഷന്‍ കിടക്കകള്‍ ട്രെയിന്‍ ബോഗികളില്‍ സജ്ജീകരിക്കാന്‍ റെയില്‍വേയ്ക്ക് കഴിയും.
800 ബെഡുള്ള 50 കൊവിഡ് ഐസൊലേഷന്‍ കോച്ചുകള്‍ ഡല്‍ഹിയിലെ ശകുര്‍ ബസ്തി സ്റ്റേഷനിലും 25 കോച്ചുകള്‍ അനന്ദ് വിഹാര്‍ സ്റ്റേഷനിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.