. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല
. സ്പീക്കര്‍ അടിയന്തരാവസ്ഥയെ അപലപിച്ച് നടത്തിയ പ്രസ്താവന പ്രതിപക്ഷ ബഹളത്തിനിടയാക്കി
ന്യൂഡല്‍ഹി: ഓം ബിര്‍ള 18ാം ലോക്സഭയുടെ സ്പീക്കര്‍. ശബ്ദവോട്ടോടെയാണ് ഓം ബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയമാണ് ലോക്സഭ പാസാക്കിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിര്‍ളയെ ശബ്ദവോട്ടോടെ സ്പീക്കറായി തെരഞ്ഞെടുത്തത്.
1998ന് ശേഷം ആദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തുന്നത്.ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുമെന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതോടെയാണ് സ്പീക്കര്‍ പദവിയില്‍ സമവായ നീക്കം പൊളിഞ്ഞതും പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും. എന്‍.ഡി.എയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ ബി.ജെ.പി എം.പി ഓം ബിര്‍ളക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ സഖ്യം മത്സരിപ്പിച്ചത്.എന്നാല്‍, ഇന്നലെ ലോക്സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്ത ഓം ബിര്‍ള അടിയന്തരാവസ്ഥയെ അപലപിച്ച് നടത്തിയ പ്രസ്താവന ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളെ ജയില്‍ ഭക്ഷണം കഴിപ്പിച്ച പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി എന്ന സ്പീക്കറുടെ പരാമര്‍ശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. 1975 ജൂണ്‍ 25 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
അക്കാലത്ത് ജനങ്ങള്‍ അനുഭവിച്ച യാതനകളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും പുതിയ തലമുറ അറിയണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ എടുത്ത തീരുമാനത്തെ അപലപിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സ്പീക്കറുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ബഹളം വെച്ചു. മൗനാചരണത്തിന് ശേഷം നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. നേരത്തേ പുതിയ മന്ത്രിസഭാ അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയ്ക്ക് പരിചയപ്പെടുത്തിയിരുന്നു.