ഒഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെത്തി

Top News

കൊച്ചി: എറണാകുളം പച്ചാളത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 40 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്ന കഞ്ചാവ് ടൗണ്‍ നോര്‍ത്ത് പൊലീസ് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെടുത്തത്.
പച്ചാളം ഭാഗത്തെ പി.ജെ. ആന്‍റണി ഗ്രൗണ്ടിന് പിറകിലായി പണിയുന്ന ക്വീന്‍സ് ഗാര്‍ഡന്‍ വില്ലയുടെ ഭാഗത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ കല്‍പണി ചെയ്തിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മണ്ണെടുക്കാന്‍ എത്തിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കിടക്കുന്നത് കണ്ടത്.സൂപ്പര്‍വൈസര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
കഞ്ചാവ് എത്തിച്ച് സൂക്ഷിച്ചത് ആരാണെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവര്‍ക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നോര്‍ത്ത് സി.ഐ പ്രശാന്ത് ക്ലിന്‍റ് പറഞ്ഞു. ആളൊഴിഞ്ഞ പ്രദേശമായതിനാലും സമീപത്തൊന്നും സി.സി ടി.വി കാമറകള്‍ ഇല്ലാത്തതിനാലും പ്രതികളെ കണ്ടെത്തല്‍ ശ്രമകരമാണെന്ന് പൊലീസ് പറയുന്നു.സാധ്യമായ എല്ലാവഴികളിലൂടെയും അന്വേഷണം നടത്തി കഞ്ചാവ് എത്തിച്ചവരെ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കൊച്ചിയില്‍ ലഹരി പാര്‍ട്ടികളുടെ സാന്നിധ്യം ശക്തമാക്കാന്‍ സാധ്യതയുള്ളതിനാല്‍ സിറ്റി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എറണാകുളം ഡി.സി.പിയുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *