കാക്കനാട്: ഒളിവില്‍ കഴിയുന്നതിനിടെ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ മൊഴി. ഗോവയില്‍ ഒരു തവണയും കൊല്ലൂരില്‍ രണ്ടു തവണയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസിനോടു സനു പറഞ്ഞു.
ഗോവയില്‍ കടലില്‍ ചാടി മരിക്കാനായിരുന്നു ശ്രമം. കൊല്ലൂരിലെ ഹോട്ടലില്‍ ഒരുതവണ വിഷം കഴിച്ചും രണ്ടാമതു കൈത്തണ്ടയിലെ ഞരമ്പു മുറിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ചു.
വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചെന്നും സനു പറയുന്നു.ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണര്‍ന്നു. പ്രത്യേകം ചോദ്യാവലി അടിസ്ഥാനമാക്കിയാണ് ഇന്നലെയും സനു മോഹനെ ചോദ്യം ചെയ്തത്. ഞായറും തിങ്കളും ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി അറിയാനുള്ള ചോദ്യങ്ങളുമായാണ് ഇന്നലെ പൊലീസ് സനുവിനെ സമീപിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും മടി കൂടാതെ ഉത്തരം നല്‍കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പക്ഷേ, ഇവയൊക്കെ ശരിയാണോ എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്.
സനു മോഹന്‍ ഗോവയില്‍ താമസിച്ചതു വ്യാജ വിലാസത്തിലാണോ എന്നു പൊലീസിനു സംശയം. കൊല്ലൂരില്‍ ആദ്യം ചെന്ന ഹോട്ടലിലും വ്യാജ വിലാസം നല്കാന് ശ്രമിച്ചതായാണ് സൂചന. പിന്നീടാണു യഥാര്‍ഥ വിലാസവും തെളിവായി ആധാര്‍ കാര്‍ഡും നല്കിയതത്രെ. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം എന്ന് ജീവനക്കാര്‍ കര്‍ശന നിലപാട് എടുത്തപ്പോഴാണ് അടുത്ത ഹോട്ടലിലേക്ക് പോയത്.ആധാര്‍ കാര്‍ഡിനു പുറമേ കാറിന്റെ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും സനു മോഹന്റെ പക്കലുണ്ടായിരുന്നു. സനുവിന്റെ കയ്യില്‍ നിന്നു കാര്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എന്‍ഒസി ഉള്‍പ്പെടെയുള്ള രേഖകള്‍ നല്കുമ്പോള് ബാക്കി പണം കൈമാറുമെന്നായിരുന്നു വ്യവസ്ഥ.
സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ രമ്യ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നു ബന്ധുക്കള്‍. രമ്യയിപ്പോള് ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴയിലാണ്. വൈഗയുടെ മരണശേഷവും അന്വേഷണത്തിനിടെയും രണ്ടുതവണ പൊലീസ് വിളിപ്പിച്ചിരുന്നു. സനുവിന്റെ അറസ്റ്റും വൈഗയുടെ മരണവും സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞതോടെ രമ്യ മാനസികമായി കൂടുതല്‍ തകര്‍ന്ന അവസ്ഥയിലാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.