ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യയുടെ വനിതാ ടീമിന് പരാജയം. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.
രണ്ടാം ക്വാര്‍ട്ടറില്‍ 20ന് മുന്നിലെത്തിയ ബ്രിട്ടനെതിരെ ഇന്ത്യ മൂന്നു ഗോള്‍ തിരിച്ചടിച്ച് മുന്നിലെത്തിയിരുന്നു. എന്നാല്‍ മൂന്നും നാലും ക്വാര്‍ട്ടറുകളില്‍ ഓരോ ഗോള്‍ കൂടി നേടി റിയോയിലെ സ്വര്‍ണ ജേതാക്കളായ ബ്രിട്ടന്‍ ഇവിടെയും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു.ഇതോടെ,
ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടു വെള്ളിയും മൂന്നു വെങ്കലവും സഹിതം അഞ്ചില്‍ത്തന്നെ തുടരും.
ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ എന്നിവര്‍ വെള്ളിയും ബാഡ്മിന്‍റന്‍ സിംഗിള്‍സില്‍ പി.വി. സിന്ധു, ബോക്സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍, പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും നേടിയിരുന്നു.