ഷിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ ചേരിപോരില്ലെന്നും ഒരു നിയമസഭാംഗവും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരില്ലെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു.ബി.ജെ.പിയുടെ ദുര്‍ഭരണത്തിനെതിരായാണ് സംസ്ഥാനത്തെ ജനങ്ങള്‍ വോട്ട്ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനുള്ളിലെ ചേരിപ്പോരിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.
മുഖ്യമന്ത്രി സ്ഥാനത്തെ ചെല്ലി മാത്രമായിരുന്നു ഹിമാചല്‍ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത. മുഖ്യമന്ത്രി സ്ഥാനം വഹിക്കാന്‍ നാലുപേര്‍ സന്നദ്ധരായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ രാജസ്ഥാനിലെ പോലെയുള്ള സാഹചര്യം ഉണ്ടാവുമായിരുന്നുവെന്നും സുഖ്വീന്ദര്‍ സിങ് സുഖു പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണം ഉടന്‍ ഉണ്ടാവും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ വിജയത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച സുഖ്വീന്ദര്‍ സിങ്, ഫലപ്രദമായ പ്രചാരണ തന്ത്രം രൂപപ്പെടുത്തിയതിന് പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സുഖ്വീന്ദര്‍ സിങ് സുഖു ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്.