മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.ഇവരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ സോളാപൂര്‍ സ്വദേശികളായ അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്ബത് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.ജൂണ്‍ 19നാണ് സംഗലി ജില്ലയിലെ മേസാലില്‍ കൂട്ടക്കൊല നടന്നത്. മൃഗ ഡോക്ടറായ മാണിക് വാന്‍മോറെ, സഹോദരനും അധ്യാപകനുമായ പോപ്പറ്റ് വാന്‍മോറെ, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍ ഇവരില്‍നിന്ന് ഒരു കോടിയിലേറെ രൂപ കൈപ്പറ്റിയിരുന്നു. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ബഗ്വാന്‍ കൂട്ടാളിയായ ധീരജ് സുരവാസെയുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയയത്.
ചായയില്‍ വിഷം കലര്‍ത്തി ഇരു കുടുംബങ്ങള്‍ക്കും നല്‍കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. മാണിക് വാന്‍മോറെ, മാതാവ് അക്കത്തായി, ഭാര്യ രേഖ, മക്കളായ പ്രതിമ, ആദിത്യ എന്നിവരുടെ മൃതദേഹം ഒരു വീട്ടിലും പോപ്പറ്റ്, ഭാര്യ അര്‍ച്ചന, മക്കളായ സംഗീത, ശുഭം എന്നിവരുടെ മൃതദേഹം മറ്റൊരു വീട്ടിലുമായാണ് കണ്ടെത്തിയത്. ഇരു വീട്ടില്‍നിന്നും ആതമഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.പലതവണയായി കോടികള്‍ കൈപ്പറ്റിയ ബഗ്വാന്‍ മന്ത്രവാദിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പണം കൈപ്പറ്റിയ ശേഷവും നിധി എടുത്ത് നല്‍കാത്തതിനാല്‍ മാണിക് പണം തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടന്ന ദിവസം, ബഗ്വാനും ധീരജും മാണികിന്‍റെയും സോഹദരന്‍റെയും വീടുകളിലെത്തുകയും നിധി ലഭിക്കാന്‍ ഒരു പൂജ ചെയ്യാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ഇതിന്‍റെ ഭാഗമായി ഓരോരുത്തരെയായി ടെറസിലേക്ക് വിളിച്ചു വരുത്തി വിഷം കലര്‍ത്തിയ ചായ നല്‍കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.