തിരുവനന്തപുരം: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി.അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സര്‍ക്കാരിന് മുന്നിയിപ്പ് നല്‍കി.
ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്‍റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മാസ്ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.