ഒമിക്രോണ്‍: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്‍റെ ആശങ്കയില്‍

Top News

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ലോകം കടുത്ത ഭീതിയിലാണ്.നിലവിലുള്ള വാക്സിനുകള്‍ക്ക് പ്രതിരോധിക്കാന്‍ ആവില്ലെന്നതും വളരെവേഗം വ്യാപിക്കും എന്നതുമാണ് പേടിക്ക് പ്രധാന കാരണം.
ഒമിക്രോണ്‍ വ്യാപനം ലോക സാമ്പത്തിക രംഗത്തെയും ഏറെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ലോക്ഡൗണുകള്‍ക്കുശേഷം തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു ലോക സാമ്പത്തിക വ്യവസ്ഥ.ഒമിക്രോണ്‍ വകഭേദം പ്രതീക്ഷിച്ചതിലും തീവ്രമാകുകയാണെങ്കില്‍, അത് ലോകമെമ്പാടുമുള്ള വിവിധ സര്‍ക്കാരുകളെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകതയ്ക്ക് ഇത് കനത്ത പ്രഹരമാകും. കൂടാതെ ലോകം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് പോകും എന്ന് ഇത് ഉറപ്പാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്.
പ്രത്യക്ഷത്തില്‍ വലിയ പ്രശ്നമായി തോന്നില്ലെങ്കിലും അത്തരം രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെത്തയും ജനങ്ങളുടെ ജീവിതത്തെയും ഇത് പ്രതികൂലമായാണ് ബാധിക്കുന്നത്. ആശുപത്രി വാസംവേണ്ട രോഗികളുടെ എണ്ണം കൂടിയാല്‍ വികസിത രാജ്യങ്ങളാണെങ്കില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയേക്കാം.
കടുത്ത സാമ്പത്തിക ചെലവാകും ഇതുംമൂലം ഉണ്ടാകുക. വരവ് ഏറക്കുറെ പൂര്‍ണമായും നിലയ്ക്കുകയും ചെലവ് പരിധിവിട്ട് കൂടുകയും ചെയ്യുന്ന അവസ്ഥ.
രാജ്യങ്ങളും കമ്പനികളും പാപ്പരാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളെയാണ് ഇത് ഏറെ ബാധിക്കുക. തകരുന്ന വ്യവസായങ്ങളെ പിടിച്ചുനിറുത്താന്‍ അടിയന്തര സാമ്ബത്തിക സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം എന്നാണ് തിങ്ക്ടാങ്ക് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് (ഒഇസിഡി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സര്‍ക്കാരുകള്‍ക്ക് താങ്ങാനാവത്ത സാമ്പത്തിക ബാദ്ധ്യത ആയിരിക്കും ഉണ്ടാക്കുക. .

Leave a Reply

Your email address will not be published. Required fields are marked *