ബംഗളൂരു : കര്‍ണാടകയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്‍റെ സൂചന ലഭിച്ചതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. പ്രധാനമായും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കാണ് വിലക്ക്.
കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും അനുവദിക്കില്ല, ഇതിന് പുറമേ റെസ്റ്റോറന്‍റുകളും ബാറുകളും മൊത്തം ശേഷിയുടെ അമ്ബത് ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഡി ജെ പാര്‍ട്ടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പടെയുള്ള കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവുണ്ടാകുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍. ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് പാര്‍ട്ടികള്‍ക്ക് പുറമേ ബഹുജന സമ്മേളനളും അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ പുതുവര്‍ഷത്തിന്‍റെ പൊതു ആഘോഷങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നു, അതേസമയം ഡി ജെ പോലുള്ള പരിപാടികളൊന്നുമില്ലാതെ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയുള്ള ക്ലബ്ബുകളിലും റെസ്റ്റോറന്‍റുകളിലും ആഘോഷങ്ങള്‍ അനുവദനീയമാണ്,’ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊവിഡ് നയരൂപീകരണവുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ബസവരാജ് ബൊമ്മൈ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉണ്ടായ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങള്‍. നഗരത്തിലെ ഫ്ളാറ്റുകളിലും മറ്റും ന്യൂ ഇയര്‍ പ്രമാണിച്ച് പാര്‍ട്ടികളും, ഡി ജെയും നടത്തുന്നതും വിലക്കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.