ജോഹനാസ്ബര്‍ഗ് : കോവിഡ് 19 പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയതിന്റെ പേരില്‍ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു. ഒമിക്രോണ്‍ രോഗബാധയുടെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസ പറഞ്ഞു. ശാസ്ത്രീയമായി നീതീകരിക്കാനാവാത്തതാണ് ഈ യാത്രാ നിരോധം. നെതര്‍ലാന്‍ഡ്, ഡെന്മാര്ക്ക്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റാമഫോസയുടെ പ്രതികരണം. ലോക രാജ്യങ്ങള്‍ ബ്ലാക് ലിസ്റ്റില്‍ പെടുത്തിയതോടെയാണ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.അതേസമയം, ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുഎഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒമ്ബത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തി.
