തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അതിജാഗ്രതാ നടപടികളിലേക്ക് കടന്ന് ആരോഗ്യവകുപ്പ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി.
ആര്.ടി.പി.സി.ആര് പരിശോധന വര്‍ധിപ്പിക്കാനും ജനിതകശ്രേണീകരണം കൂട്ടി ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനും നിര്‍ദേശം നല്കി. വൈറസിന്റെ ജനിതക ഘടനയില്‍ ഏതൊക്കെ പ്രോട്ടീനുകള്‍ ഉണ്ടെന്നും അത് അടിസ്ഥാനപ്പെടുത്തി വൈറസിന്റെ സ്വഭാവം കണ്ടെത്തുകയുമാണ് ജനിതക ശ്രേണീകരണം (ജിനോമിക് ഫ്രീക്വന്‍സി) വഴി ചെയ്യുക. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വിദഗ്ധസമിതി ഇന്ന് യോഗം ചേരും.
എല്ലാവരും മാസ്ക്, സാനിറ്റൈസര്‍ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വകഭേദം കോവിഡ് ബാധിത രാജ്യങ്ങളില്‍ ഉണ്ടാകാമെന്നും തുടര്‍ച്ചയായ ജനിതക ശ്രേണീകരണം ദക്ഷിണാഫ്രിക്കയില്‍ നടന്നതിനാലാണ് അവിടെ ആദ്യം സ്ഥിരീകരിക്കാനായതെന്നും ആരോഗ്യ വിദഗ്ധന്‍ ഡോ. രാജീവ് ജയദേവന് ചൂണ്ടിക്കാട്ടി. കേരളത്തിലും ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ നടപടി ആരംഭിച്ചു. ഇപ്പോള്‍ നല്‍കിവരുന്ന വാക്സിനുകളെ അതിജീവിക്കാന്‍ വകഭേദത്തിന് കഴിവുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോവിഡ് വിദഗ്ധസമിതി അംഗം ഡോ. ബി. ഇക്ബാല്‍ പറയുന്നത്. എങ്കിലും വാക്സിനേഷന് തന്നെയാണ് പ്രധാന ഊന്നല്‍.
രണ്ടാംഡോസ് എല്ലാവരിലും എത്തിക്കാനുള്ള നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ആദ്യ ഡോസ് 96 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഡോസ് 63 ശതമാനവും. എന്നാല്‍ ഇപ്പോള്‍ വാക്സിനേഷന് മെല്ലെപ്പോക്കിലാണ്.