ഒമിക്രോണ്‍:മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kerala

ജെനീവ: കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തെ നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.അതിവേഗമാണ് ഒമിക്രോണ്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. അപകടസാധ്യത കുറവാണെന്ന് പറഞ്ഞ് ഒമിക്രോണിനെ നിസാരവത്കരിക്കരുത്. ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണിന് അപകടസാധ്യത കുറവാണെങ്കിലും, ഒമിക്രോണ്‍ പേടിക്കേണ്ട വകഭേദമാണെന്ന് അര്‍ത്ഥമില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വാക്സിനേഷന്‍ എടുത്തവരില്‍ ഇത് ഉണ്ടാക്കുന്ന ആഘാതം കുറവായിരിക്കും. പക്ഷേ നിസാരമെന്ന് പറഞ്ഞ് ഒമിക്രോണ്‍ തള്ളിക്കളയാനാകില്ല. പല രാജ്യങ്ങളിലും ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഡെല്‍റ്റയെക്കാളും വേഗത്തില്‍ ഒമിക്രോണ്‍ ആളുകളെ ആശുപത്രിയിലാക്കുന്നു. അവയ്ക്ക് ആളുകളെ കൊല്ലാനും കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച മാത്രം 95 ലക്ഷത്തിനടുത്ത് കൊറോണ കേസുകളാണ് ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിന് മുന്‍പത്തെ ആഴ്ചയെക്കാള്‍ 71 ശതമാനം വര്‍ധന വരുമിത്.വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ എത്രയും വേഗം അത് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളില്‍ 92 രാജ്യങ്ങളും വാക്സിനേഷനില്‍ അവര്‍ വച്ച ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടില്ല. 36 രാജ്യങ്ങള്‍ 10 ശതമാനം പോലും ലക്ഷ്യം നേടാത്ത രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ ലഭ്യമാകാത്തതിന്‍റെ കുറവും ഈ രാജ്യങ്ങള്‍ക്കുണ്ട്. കൊറോണ മാനദണ്ഡങ്ങള്‍ മുന്‍പത്തെ പോലെ കര്‍ശനമായി തന്നെ പാലിക്കണം. മാസ്ക് ധരിക്കുന്നത് ഒരു കാരണവശാലും ഒഴിവാക്കരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *