ജൊഹന്നാസ്ബെര്‍ഗ്: മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തത്. ജൊഹന്നാസ്ബെര്‍ഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് ബ്രിക്സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പറഞ്ഞു.
അതേസമയം ബ്രിക്സ് ബിസിനസ് ഫോറത്തില്‍ നേരത്തെ സംസാരിച്ച മോദി, ഇന്ത്യയുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യ 2047 ല്‍ വികസിത രാഷ്ട്രമാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബിസിനസ് ഫോറത്തില്‍ പങ്കുവച്ചത്.
ഇന്ത്യയുടെ സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞുവെന്ന അവകാശവാദവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല.
ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടുമില്ല. ജിന്‍പിങുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. ഇരു നേതാക്കളും ബ്രിക്സ് വിരുന്നിലടക്കം ഒന്നിച്ച് പങ്കെടുത്തിരുന്നു.