ഭുവനേശ്വര്‍: ഒഡീഷ പാരാദീപ് തുറമുഖത്ത് നിന്നും ഒരു റഷ്യന്‍ പൗരന്റെ മൃതദേഹം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് റഷ്യക്കാരന് മില്യാകോവ് സെര്‍ജിയെ നങ്കുരമിട്ട കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.രണ്ടാഴ്ചക്കിടെ മരിക്കുന്ന മൂന്നാമാത്തെ റഷ്യക്കാരനാണ് ഇയാള്‍.51 വയസുകാരനായ മില്യാകോവ് എംബി അല്‍ദ്നാ കപ്പലിലെ ചീഫ് എന്‍ജിനീയറാണ്. മുംബയില്‍നിന്നു ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് കപ്പലിനകത്ത് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പാരദീപ് തുറമുഖ ചെയര്മാന് പി എല്‍ ഹരാനന്ദ് അറിയിച്ചു.
ഇതിന് മുന്‍പും രണ്ട് റഷ്യന്‍ പൗരന്മാരെ ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ കടുത്ത വിമര്‍ശകനായ എം പി പാവെല്‍ ആന്റോവിനെയും (66), സഹയാത്രികന് വ്ലാഡിമിര്‍ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ബിഡെനോവിനെ ഡിസംബര്‍ 22ന് മുറിയില്‍ മരിച്ച നിലയിലും ആന്റോവിനെ ഡിസംബര്‍ 24ന് ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നു വീണുമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.