ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു.ഛത്തീസ്ഗഡ്- ഒഡീഷ അതിര്‍ത്തിയിലെ നൗപദയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ക്രൂഡ് ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി സൈന്യം തെരച്ചില്‍ തുടങ്ങി.
ഒരു റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജവാന്മാര്‍ക്ക് നേരെയാണ് ക്രൂഡ് ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.ഉത്തര്‍പ്രദേശ് സ്വദേശി എഎസ്ഐ ശിശുപാല്‍ സിംഗ്, ഹരിയാന സ്വദേശികളായ എഎസ്ഐ ശിവ്ലാല്‍, കോണ്‍സ്റ്റബിള്‍ ധര്‍മ്മേന്ദ്ര സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജവാന്മാര്‍ തിരികെയും വെടിവച്ചതായാണ് വിവരം.