ഒക്ടോബറില്‍ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

Top News

ജനീവ: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഉപയോഗാനുമതിനല്‍കുന്നതിനെക്കുറിച്ച് ഒക്ടോബറില്‍ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന. അംഗീകാരത്തിനായി ഏപ്രിലില്‍ ഭാരത് ബയോടെക് അപേക്ഷ നല്‍കിയിരുന്നു. വാക്സിന്‍റെ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.ഡബ്ലിയു.എച്ച്.ഒ ആവശ്യപ്പെട്ട എല്ലാ ഡേറ്റയും നല്‍കിയെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സാങ്കേതിക വിഷയങ്ങളില്‍ ഡബ്ലിയു.എച്ച്.ഒ കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു.കൊവിഡ് വ്യാപനം ലോകത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറക്കുകയാണ്. എന്നാല്‍, ഡബ്ലിയു.എച്ച്.ഒയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍കൊവാക്സിന്‍ എടുത്തവരെ ‘അണ്‍ വാക്സിനേറ്റഡ്’ ഗണത്തില്‍പ്പെടുത്തുന്നു. ഇതുമൂലം അവരുടെ വിദേശരാജ്യങ്ങളിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടിലാകുന്നു. ഡബ്ലിയു.എച്ച്.ഒയുടെ അനുമതി ലഭിച്ചാല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസം നീങ്ങും. ഫൈസര്‍, ജോണ്‍സണ്‍ ആണഡ് ജോണ്‍സണ്‍, മൊഡേണ, സിനോഫാം,അസ്ട്രസെനക തുടങ്ങിയ വാക്സിനുകള്‍ക്ക് ഡബ്ലിയു.എച്ച്.ഒ അനുമതി നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി എന്നീ സംഘടനകള്‍ കൊവാക്സിന് അനുമതി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *