പാലക്കാട് :ഒക്ടോബര്‍ ആദ്യവാരം തന്നെ നെല്ല് സംഭരിക്കാനൊരുങ്ങി സപ്ലൈകോ. കരാര്‍ ഒപ്പിടുന്ന മൂന്ന് മില്ലുകളെ ഉപയോഗപ്പെടുത്തി സംഭരണം ആരംഭിക്കും. കരാറുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുകളുമായി അടുത്ത ദിവസം ചര്‍ച്ച നടത്തും.
വെള്ളക്ഷാമം മൂലം ഒന്നാംവിള നടീല്‍ വൈകിയതിനാല്‍ ഒക്ടോബര്‍ പകുതിയോടെ മാത്രമേ കൊയ്ത്ത് സജീവമാവുകയുള്ളൂ. അതിനകം സംഭരണ നടപടി പൂര്‍ത്തിയാക്കും. ഇതിനായി 40 ഫീല്‍ഡ് ജീവനക്കാരെ സപ്ലൈകോ നിയമിക്കും. കൂടാതെ കൃഷി വകുപ്പില്‍നിന്ന് അസിസ്റ്റന്‍റുമാരെ ഡെപ്യൂട്ടേഷനില്‍ വിടാറുമുണ്ട്. കടുത്ത വരള്‍ച്ചയും കാലം തെറ്റി പെയ്ത മഴയുമെല്ലാം വിളയെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായത്. 35,000 കര്‍ഷകര്‍ മാത്രമാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. നെല്ലെടുക്കുന്നതിന് 52 സ്വകാര്യമില്ലാണ് സാധാരണ കരാറിലുള്ളത്. എന്നാല്‍ 2018ലെ പ്രളയത്തില്‍ നെല്ലും അരിയും നശിച്ചതിന്‍റെ നഷ്ടപരിഹാരം ലഭ്യമാക്കണം, കൈകാര്യച്ചെലവ് വര്‍ധിപ്പിക്കണം തുടങ്ങിയ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാതെ നെല്ലെടുപ്പുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് മില്ലുടമകള്‍. ഇതുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ സിവില്‍ സപ്ലൈസ്, കൃഷി മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും.