ദുബായ് : പഞ്ചാബ് കിംഗ്സിന്‍റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ ഐ.പി.എല്ലില്‍നിന്ന് പിന്‍വാങ്ങി. കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള ബയോ ബബിളില്‍ സ്ഥിരമായി കഴിയുന്നതിലെ ബുദ്ധിമുട്ടാണ് താരം പിന്‍വാങ്ങാന്‍ കാരണമെന്ന് ടീം അധികൃതര്‍ അറിയിച്ചു.
ഐ.പി.എല്‍ പുനരാരംഭിച്ച ശേഷം രണ്ട് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇറങ്ങിയിരുന്നു. ഒക്ടോബര്‍ മധ്യത്തോടെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് ഗെയ്ല്‍ പിന്‍വാങ്ങിയത്.കരീബിയന്‍ പ്രീമിയര്‍ ലീഗിന് ശേഷമാണ് ഗെയ്ല്‍ ദുബൈയിലേക്ക് എത്തുന്നത്. സി.പി.എല്ലിനിടയിലും ബയോ ബബിള്‍ ഉണ്ടായിരുന്നു. മാസങ്ങളായി ബയോ ബബിളില്‍ തുടരുന്നത് ക്ഷീണിപ്പിച്ചെന്നും മാനസികമായി ഊര്‍ജം നേടേണ്ടതുണ്ടെന്നും ഗെയ്ല്‍ വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അതിന് മുമ്പ് ഇടവേള എടുക്കുകയാണെന്നും ഗെയ്ല്‍ പറഞ്ഞു.
‘അവധി നല്‍കിയതിന് പഞ്ചാബ് കിങ്സിന് നന്ദി. എന്‍റെ മനസ്സും പ്രാര്‍ഥനയും എപ്പോഴും ടീമിനൊപ്പമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് എല്ലാ ആശംസകളും’ ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
ടീം അദ്ദേഹത്തിന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെ പറഞ്ഞു. ‘ഞാന്‍ ഗെയ്ലിനെതിരെ കളിച്ചിട്ടുണ്ട്, പഞ്ചാബ് കിംഗ്സില്‍ അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുമുണ്ട്. വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തെ അറിയുന്നു. അദ്ദേഹം എല്ലായ്പ്പോഴും തികഞ്ഞ പ്രഫഷണലാണ്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ തീരുമാനത്തെയും ടി20 ലോകകപ്പിനായി സ്വയം തയാറാകാനുള്ള ആഗ്രഹത്തെയും ബഹുമാനിക്കുന്നു’ കുംബ്ലെ പറഞ്ഞു.