ഐ.ടി കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന് വന്‍ കുതിപ്പ്

Latest News

കഴക്കൂട്ടം: കോവിഡ് സൃഷ്ടിച്ച പ്രതികൂല വിപണി സാഹചര്യങ്ങളിലും തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ മികച്ച മുന്നേറ്റം.2020-21 സാമ്പത്തിക വര്‍ഷം 8,501 കോടി രൂപ വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2019-20 വര്‍ഷം 7890 കോടി രൂപയായിരുന്നു ടെക്നോപാര്‍ക്കിന്‍െറ വാര്‍ഷിക കയറ്റുമതി വരുമാനം. ഈ കാലയളവില്‍ അടിസ്ഥാന സൗകര്യ വികസനത്തിലും മികച്ച മുന്നേറ്റം നടത്തി. ലഭ്യമായ ഐ.ടി സ്പേസ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു. പാര്‍ക്കിലെത്തിയ കമ്പനികളുടെയും ജീവനക്കാരുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി. 460 കമ്പനികളുള്ള ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ 63,000 ജീവനക്കാരുണ്ട്.പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനുള്ള ഐ.ടി കമ്പനികളുടെ കരുത്തും തിരിച്ചുവരാനുള്ള ശേഷിയുമാണ് സോഫ്റ്റ്വെയര്‍ കയറ്റുമതിയിലെ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് കേരള ഐ.ടി പാര്‍ക്സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. കോവിഡ് കാലയളവില്‍ ഐ.ടി മേഖലക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണയും പുതിയ നയങ്ങളും പിടിച്ചുനില്‍ക്കാന്‍ ചെറിയ കമ്പനികളെ ഏറെ സഹായിച്ചു. ടെക്നോപാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന കാമ്പസ് ആധുനീകരണ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ ഇനിയും മുന്നേറ്റമുണ്ടാകും. ഇതുവഴി നിലവിലെ കമ്പനികളുടെ വളര്‍ച്ചക്ക് ആക്കം കൂടുകയും പുതിയ കോര്‍പറേറ്റുകള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *