ഐ.ജി.എസ്.ടി വിഹിതം: കുടിശ്ശിക കണക്കില്ലെന്ന് ധനമന്ത്രി

Kerala

തിരുവനന്തപുരം: സംയോജിത ചരക്കു സേവന നികുതിയില്‍ (ഐ.ജി.എസ്.ടി) സംസ്ഥാന വിഹിതം സംബന്ധിച്ച് കണക്കുകളില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കൃത്യമായി ഐ.ജി.എസ്.ടി വിഹിതം തരുന്നെന്നാണ് കേന്ദ്ര നിലപാട്. എങ്കിലും കുറേക്കൂടി പണം കേരളത്തിന് ഈയിനത്തില്‍ ലഭിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വിശദമായ പഠനത്തിന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്ര കോടി ലഭിക്കാനുണ്ടെന്ന അവകാശ വാദം നിലവിലില്ല. 25,000 കോടി കിട്ടാനുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ കണക്ക് സര്‍ക്കാറിന് മുന്നിലില്ലെന്നും എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ കച്ചവടവും അക്കൗണ്ടില്‍ വരുന്നതോടെ സ്ഥിതി കുറെക്കൂടി മെച്ചപ്പെടും. വീണ്ടും കച്ചവടം ചെയ്യാതെ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ കാര്യത്തില്‍ ക്ലെയിം ഉണ്ടാകുന്നില്ല. വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന ട്രാന്‍സ്ഫോമറില്‍ വീണ്ടും വില്‍പന നടക്കാത്തതിനാല്‍ ഐ.ജി.എസ്.ടി ക്ലെയിം വന്നില്ല. കണക്ക് ശേഖരിച്ച് 20 കോടിയോളം രൂപ ലഭിച്ചു. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കും. ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ വീണ്ടും വിമര്‍ശിച്ച ധനമന്ത്രി ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ലഭിക്കാനുണ്ടെന്നതല്ല, നഷ്ടപരിഹാരം അഞ്ചുവര്‍ഷം കൂടി നീട്ടണമെന്നാണ് നിലപാടെന്ന് വ്യക്തമാക്കി.750 കോടിയേ ഇനി നഷ്ടപരിഹാരം കിട്ടാനുള്ളൂ. കേരളം ഉന്നയിക്കാത്ത വിഷയമാണ് പാര്‍ലമെന്‍റില്‍ എം.പി ചോദിച്ചത്. എം.പിമാര്‍ക്ക് സംസ്ഥാന നിലപാട് സംബന്ധിച്ച് ആവശ്യമെങ്കില്‍ ഇനിയും കുറിപ്പ് നല്‍കും. സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനാണ് എം.പിമാര്‍ ശ്രദ്ധിക്കേണ്ടത്. അര്‍ഹമായത് വാങ്ങിയെടുക്കാന്‍ ശ്രദ്ധിക്കണം. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാട് സ്വീകരിക്കരുത്. കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ജി.എസ്.ടിയില്‍ കണക്ക് നല്‍കേണ്ടത് സര്‍ക്കാറല്ല. കണക്ക് നല്‍കിയതായാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാന ബജറ്റില്‍ അനിവാര്യമായ നികുതി വര്‍ധനയാണ് വരുത്തിയത്. ഇതിന്‍റെ പേരിലെ സമരത്തിനിടയില്‍ കേന്ദ്രത്തിന്‍റെ ജനവിരുദ്ധ ബജറ്റ് ചര്‍ച്ചയായില്ല. ബി.ജെ.പി താല്‍പര്യം സംരക്ഷിക്കും വിധമാണ് കോണ്‍ഗ്രസും ബി.ജെ.പിയുമെടുത്ത സമീപനം. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സമരം ചെയ്യുകയായിരുന്നു.
രണ്ടു രൂപയാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയത്. കേന്ദ്രം പെട്രോളിന് 19 രൂപയും ഡീസലിന് 14 രൂപയും സെസ് ഈടാക്കുന്നു. ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നു. സംസ്ഥാന ബജറ്റില്‍ ഒരു രൂപ സെസ് കൊണ്ടുവന്നത് യു.ഡി.എഫാണ്. കിഫ്ബിയില്‍ കരാറുകാര്‍ക്ക് പണം കിട്ടുന്നില്ലെന്ന് പറഞ്ഞത് പരിശോധിക്കും. സ്വര്‍ണത്തില്‍ കേരളത്തിന് ഇനിയും വരുമാന സാധ്യതയുണ്ട്. അതില്‍ പ്രതിപക്ഷത്തോട് യോജിക്കുന്നെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *