ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് മാര്‍ച്ച് 30നാണ് ഇന്ധനവില അവസാനമായി കുറച്ചത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയുമാണ് കുറഞ്ഞത്. ഇതിന് മുന്‍പ് തുടര്‍ച്ചയായ നാല് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പറഷന് വെബ്സൈറ്റിലെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 90.56 രൂപയാണ്. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളും ചരക്ക് കൂലിയും അനുസരിച്ച് ചില്ലറ്റ വില്പന വിലയില്‍ മാറ്റമുണ്ടാകും. പെട്രോളിന്റെ ചില്ലറ വില്പന വിലയില്‍ 60 ശതമാനവും ഡീസലിന്റെ വിലയില്‍ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര നികുതി. രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് ഓരോ ദിവസവും ചില്ലറ വില്പന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.