ഐടിഎസ്ആര്‍ ചെതലയം കാമ്പസ് നവീകരിക്കാന്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍

Top News

കല്‍പ്പറ്റ: ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്‍റെ (ഐടിഎസ്ആര്‍) ചെതലയം കാമ്പസ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ട്രൈബല്‍ മന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് കത്തയച്ചു.
കാലിക്കറ്റ് സര്‍വകലാശാല ചെതലയം കാമ്പസ് നവീകരണത്തിനായി സമര്‍പ്പിച്ച പദ്ധതി നിര്‍ദേശവുമായി ബന്ധപ്പെട്ടാണിത്.ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും കേരളത്തിന്‍റെ തനത് സംസ്കാരവും പൈതൃകവും പഠനവിധേയമാക്കുന്നതിനും ഉള്ള ലോകോത്തര ഗവേഷണ സ്ഥാപനം എന്ന നിലയില്‍ 2015 ല്‍ സ്ഥാപിതമായ ഐടിഎസ്ആര്‍ നവീകരിക്കുന്നതിന് 2018 ജനുവരി ആറിന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയത്തിന് അഭ്യര്‍ഥന സമര്‍പ്പിച്ചിരുന്നു. അതില്‍ അധിക അക്കാദമിക് പ്രോഗ്രാമുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഗ്രേഡേഷന്‍, ഐടിഎസ്ആര്‍ ലെ കരിയര്‍ അഡ്വാന്‍സ്മെന്‍റ്, ട്രെയിനിംഗ് സെന്‍റര്‍ എന്നിവ ഉള്‍പ്പെടുന്നു.
മന്ത്രാലയത്തിന്‍റെ ഉപദേശപ്രകാരം 2018 ജനുവരി എട്ടിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനും കാലിക്കറ്റ് യൂണിവേഴ്സിറ്റി നിര്‍ദ്ദേശം അയച്ചിരുന്നു. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തത നല്‍കണമെന്നും ഐടിഎസ്ആറിന്‍റെ നവീകരണത്തിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അര്‍ജുന്‍ മുണ്ടയ്ക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി എംപി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *