ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന്‍റെ എംഎല്‍എമാര്‍ അയോഗ്യരല്ലെന്ന് സ്പീക്കര്‍

Latest News

മുംബൈ: എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന തര്‍ക്കത്തില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന് ആശ്വാസം. ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന്‍റെ എംഎല്‍എമാര്‍ അയോഗ്യരല്ലെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പ്രഖ്യാപിച്ചു. 2018 ല്‍ഭേദഗതി ചെയ്ത പാര്‍ട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകളില്‍ ഇല്ലാത്തതിനാല്‍ സാധുതയുളളതായി കണക്കാക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തത്.
രേഖകള്‍ അനുസരിച്ച് 1999-ലെ ഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദേശീയ എക്സിക്യൂട്ടീവ് ആണ് പരമോന്നത സമിതി എന്നാണ് ശിവസേനയുടെ ഭരണഘടനയില്‍ പറയുന്നത്. അതുകൊണ്ട് ശിവസേന നേതാവ് ബാല്‍ താക്കറെയുടെ താത്പര്യമാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന താക്കറെ വിഭാഗത്തിന്‍റെ വാദംഅംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ വൈകുന്നുവെന്ന് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുളള നടപടികള്‍ക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളോട് ബഹുമാനം പുലര്‍ത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ തീരുമാനം ഉദ്ദവ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
2022 ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡെ പക്ഷം ബി.ജെ.പിയിലേക്ക് ചേക്കേറി സര്‍ക്കാര്‍ രൂപീകരിച്ചത്. പാര്‍ട്ടിയുടെ ചിഹ്നത്തിനായും പേരിനായും ഇരുവിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഷിന്‍ഡെക്കൊപ്പം പോയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് സ്പീക്കറുടെ തീരുമാനം വൈകിയതോടെ ഉദ്ദവ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *