ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ആണവബോംബിന്‍റെ പിതാവെന്നറിയപ്പെടുന്ന എ.ക്യു. ഖാന്‍ എന്ന അബ്ദുള്‍ ഖാദര്‍ ഖാന്‍(85) അന്തരിച്ചു. ഇസ്ലാമാബാദിലെ ഖാന്‍ റിസര്‍ച്ച് ലബോറട്ടറീസ്(കെആര്‍എല്‍) ആശുപത്രിയിലായിരുന്നു പ്രശസ്ത ആണവശാസ്ത്രജ്ഞനായ ഖാന്‍റെ അന്ത്യം.
കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 26 മുതല്‍ കെആര്‍എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയ അദ്ദേഹം രോഗമുക്തിനേടി. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1936ല്‍ അവിഭക്ത ഇന്ത്യയിലെ ഭോപ്പാലിലാണു ജനനം. വിഭജനകാലത്ത് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലേക്കുപോയി. ബിരുദപഠനത്തിനുശേഷം പശ്ചിമജര്‍മനിയിലും നെതര്‍ലന്‍ഡ്സിലും ബെല്‍ജിയത്തിലും എന്‍ജിനിയറിംഗില്‍ ഉപരിപഠനം. 1972 ല്‍ മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ഖാന്‍ തൊഴിലുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്സില്‍ തുടര്‍ന്നു.
ഇന്ത്യ 1974ല്‍ ആണവപരീക്ഷണം നടത്തിയതാണ് സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ ഖാനെ പ്രേരിപ്പിച്ചത്. ആണവപരീക്ഷണം സംബന്ധിച്ച് അന്നത്തെ പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലിഭൂട്ടോയ്ക്ക് അദ്ദേഹം കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലെത്തിയ ഖാന്‍ അണ്വായുധ നിര്‍മാണത്തിനാവശ്യമായ യുറേനിയം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി സഹകരിച്ചു.
രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് ഉള്‍പ്പെടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പാക്കിസ്ഥാനില്‍ വീരനായക പരിവേഷമായിരന്നുവെങ്കിലും രാജ്യാന്തരവേദികളിലെ വിവാദപുരുഷന്‍കൂടിയായിരുന്നു അദ്ദേഹം. ഇറാന്‍, ലിബിയ ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവരഹസ്യം പങ്കുവച്ചെന്ന ആരോപണം ഖാന്‍റെ പേരില്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 2004ല്‍ അദ്ദേഹം വീട്ടുതടങ്കലിലായി. കുറ്റം ഏറ്റുപറഞ്ഞതോടെ അന്നത്തെ പാക് പ്രസിഡന്‍റ് പര്‍വേഷ് മുഷറഫ് മാപ്പും നല്‍കി. ഇതിനുപുറമേ കോടതിയും അനുകൂലനിലപാടെടുത്തതോടെ 2009ല്‍ വീട്ടുതടങ്കലിലില്‍നിന്നു മോചിതനായി.