തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ സ്കൂട്ടര്‍ ആരുടേതാണെന്നോ എറിഞ്ഞ സ്ഫോടക വസ്തു ഏതാണെന്നോ പ്രതി വ്യക്തമായി ഒന്നും പറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഇന്നുരാവിലെയാണ് ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണ്‍വിള സ്വദേശിയായ ജിതിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ജിതിന്‍റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇപ്പോള്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അസ്റ്റുചെയ്തതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ജിതിനെ കണ്ടെത്താന്‍ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീഷര്‍ട്ടുമായിരുന്നു. ആക്രമണശേഷം സ്കൂട്ടര്‍ കാറിന്‍റെ സമീപത്ത് നിര്‍ത്തിയതായി കണ്ടെത്തിയിരുന്നു. കാര്‍ ജിതിന്‍റേതാണെന്ന് തെളിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. ആക്രമണ ശേഷം ജിതിന്‍ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറില്‍ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മാത്രമല്ല പ്രതിയുടെ ടീഷര്‍ട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷര്‍ട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളില്‍ പ്രതി അണിഞ്ഞിരുന്നത്. ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ടും ഷൂസും ജിതിന്‍ വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.