എ ഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

Kerala

. 75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയായെന്ന് ചെന്നിത്തല

തൃശൂര്‍ :സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
232 കോടി രൂപയുടെ പദ്ധതിയാണെന്നാണ് സര്‍ക്കാറിന്‍റെ പ്രഖ്യാപനം. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിക്ക് പദ്ധതി നടപ്പാക്കാം എന്ന് പറയുന്നു.75 കോടി 151 കോടിയായും പിന്നീട് 232 കോടിയായി മാറുന്നത് എങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് കള്ളക്കളി നടത്തുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത് മുന്‍പരിചയമില്ല. കെല്‍ട്രാണ്‍ സ്വകാര്യകമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണ്. ടെന്‍ഡറിലൂടെയാണ് തെരഞ്ഞടുത്തതെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.
എസ്ആര്‍ഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി. 151.22 കോടിയ്ക്കാണ് എസ്ആര്‍ഐടിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോട്ടെ ഒരു കമ്പനിക്കും എസ്ആര്‍ഐടി ഉപകരാര്‍ നല്‍കി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല ആരോപിച്ചു.ട്രാഫിക് സുരക്ഷയ്ക്ക് ആരും എതിരല്ല. എന്നാല്‍ അതിന്‍റെ പേരില്‍ അഴിമതി നടത്താന്‍ അനുവദിക്കില്ല. രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ രേഖകള്‍ പുറത്തുവിടും.
പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറവെക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ അതിനെ താനെതിര്‍ത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരില്‍ നടപ്പാക്കുകയാണ്. ഈ പദ്ധതികള്‍ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി കൊടുക്കുന്നില്ല. സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *