എ ഐ ക്യാമറ സ്ഥാപിക്കുന്നതില്‍ സര്‍വ്വത്ര ഗൂഢാലോചന: വി.ഡി.സതീശന്‍

Kerala

. മുഖ്യമന്ത്രി മൗനംവെടിയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനായി എഐ ക്യാമറ സ്ഥാപിക്കുന്നതില്‍ നടന്നത് സര്‍വത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. 235 കോടിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതല്‍ ഗൂഢാലോചന നടന്നു. എല്ലാ ഇടപാടിനും കെല്‍ട്രോണിന്‍റെ ഒത്താശയുണ്ടെന്നും വി. ഡി.സതീശന്‍ ആരോപിച്ചു.ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ ഉപകരാര്‍ പാടില്ലെന്നുണ്ട്. കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ എഗ്രിമെന്‍റില്‍ കണ്‍സോഷ്യം രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതില്‍ പ്രസാദിയോയും അല്‍ഹിന്ദുമാണ് ഉള്ളത്. പിന്നീട് കെല്‍ട്രോണ്‍ അറിയാതെ ഇ സെന്‍ട്രിക് ഇലട്രിക്കുമായി സര്‍വീസ് എഗ്രിമെന്‍റ് ഉണ്ടാക്കി. പത്ത് ദിവസം കഴിഞ്ഞാണ് ഔദ്യഗികമായി ഇക്കാര്യം കെല്‍ട്രോണിനെ അറിയിക്കുന്നത്. 66 കോടിയാണ് ജിഎസ്ടി നല്‍കിയത്. ഇതിലധികം തുക ചെലവിട്ടോ എന്ന് വ്യക്തമാക്കണം.
മുഖ്യമന്ത്രിയുടെ മുറിക്കകത്തേക്ക് വിവാദം കടന്നിട്ടും മൗനം തുടരുകയാണ്. അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ആക്ഷേപം ആരും ഇതുവരെ നിഷേധിക്കുന്നില്ല. ആദ്യം മുന്നോട്ടുവന്ന വ്യവസായമന്ത്രിയെ പിന്നെ കണ്ടിട്ടില്ല. പ്രതിപക്ഷം പുറത്തുവിട്ട രേഖകള്‍ ഔദ്യോഗിക രേഖകളാണെന്ന് സമ്മതിച്ചില്ലെ എന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി മൗനം വെടിയണം. അദ്ദേഹത്തിന് പ്രതിപക്ഷം നല്‍കുന്ന അവസാന അവസരമാണ്. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ അഴിമതി മുന്‍നിര്‍ത്തി ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *