തിരുവനന്തപുരം: വിവാദമായ എ.ഐ. ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സാങ്കേതികസമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്. ജൂണ്‍ അഞ്ച് മുതല്‍ പിഴയീടാക്കും. അതിനു മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.ഇന്നലെചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് യോഗം ചേര്‍ന്നത്. ഗതാഗത കമ്മീഷണര്‍, ഐടി മിഷന്‍ ഡയറക്ടര്‍, സാങ്കേതിക വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താല്‍ തല്‍ക്കാലം പിഴയീടാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. 12 വയസ് വരെയുള്ള ഒരു കുട്ടിക്കാണ് ഇളവ്. കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്ന പൊതുവികാരം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.