എ ഐ ക്യാമറ: ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ സുതാര്യമല്ല, പദ്ധതിയില്‍ ദുരൂഹതയെന്ന് ആരോപണം

Top News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറ പദ്ധതിയിലെ ഇടപാടുകളില്‍ ദുരുഹതയെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ക്യാമറ പദ്ധതിയില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ 232 കോടി രൂപ ചെലവഴിച്ച് കെല്‍ട്രോണ്‍ മുഖേന സ്ഥാപിച്ച എ ഐ ക്യാമറപദ്ധതിയില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ സുതാര്യമാണോ എന്നതില്‍ വ്യാപകമായ സംശയമുയര്‍ന്നിട്ടുണ്ട്.എത്ര കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തുവെന്നതിന് യാതൊരു വ്യക്തതയുമില്ല. ഈ പദ്ധതിയില്‍ സ്വകാര്യകമ്പനികളുടെ പങ്കാളിത്തമുണ്ടായോ,അവരുടെ ലാഭവിഹിതത്തിന്‍റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമല്ല. കെല്‍ട്രോണിനെ കരാര്‍ ഏല്‍പ്പിച്ചതിന്‍റെ യുക്തി എന്താണെന്നും സ്വകാര്യകമ്പനികള്‍ക്ക് കരാര്‍മറിച്ചു നല്‍കുന്ന കെല്‍ട്രോണിനെ ഏല്‍പ്പിച്ചത് സര്‍ക്കാറിന് അധിക ചെലവുണ്ടാക്കിയെന്നും വിമര്‍ശനമുണ്ട്.
എ ഐ ക്യാമറയെന്ന പ്രചരണത്തില്‍ തന്നെ സത്യസന്ധതയില്ലെന്ന വാദവും ഉന്നയിക്കപ്പെടുന്നു. നിര്‍മ്മിത ബുദ്ധിപ്രകാരമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗതാഗതവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഗതാഗതലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് സ്ഥാപിച്ച അതേ ക്യാമറകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമലംഘനത്തിന്‍റെ ഓരോ ചിത്രവും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുവെങ്കില്‍ എ ഐ സംവിധാനത്തിന്‍റെ ആവശ്യം എന്താണെന്ന ചോദ്യവും പ്രസക്തമാണ്.
വിവരാവകാശ നിയമപ്രകാരം ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ മറുപടി ആവശ്യപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച വസ്തുതകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല.ഇത്തരം കാര്യങ്ങളില്‍ ഔദ്യോഗികമായ ഒരു പ്രതികരണവും സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ കെല്‍ട്രോണും സര്‍ക്കാറും എന്തിനാണ് മടിക്കുന്നതെന്ന ചോദ്യം സമൂഹത്തില്‍നിന്ന് വളരെ ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.
അതേസമയം പദ്ധതി സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാന്‍ തയ്യാറാണെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറയുന്നു.എഐ ക്യാമറ പദ്ധതി തങ്ങളുടെ സ്വന്തം പദ്ധതിയാണെന്നും ക്യാമറ അടക്കമുള്ള സ്വന്തമായി തന്നെയാണ് നിര്‍മ്മിക്കുന്നതെന്നും ഉപകരാറുകളില്ലെന്നുമാണ് കെല്‍ട്രോണിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *