തിരുവനന്തപുരം: എഐ കാമറ പദ്ധതി പകല്‍ക്കൊള്ളയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയത്. ചട്ടങ്ങളെ കാറ്റില്‍ പറത്തിയുള്ള ക്രമക്കേടുകളാണ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പദ്ധതിക്ക് അനുമതി നല്‍കിയ ഏപ്രില്‍ 12ലെ കാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നല്‍കുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ട ശേഷം അനുമതി നല്‍കിയത് കാബിനറ്റിന്‍റെ വലിയ പിഴയാണ്.
അന്വേഷണ പ്രഖ്യാപനം പ്രതിപക്ഷം ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണ്. കൊള്ളയെ വെള്ളപൂശാനാണ് വ്യവസായ മന്ത്രി പി. രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എഐ കാമറയ്ക്കുവേണ്ടിയുള്ള പര്‍ച്ചേസ് രേഖകളും ചെന്നിത്തല പുറത്തുവിട്ടു. എസ്ആര്‍ഐടി ലൈറ്റ് മാസ്റ്ററിന് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറാണ് പുറത്തുവിട്ടത്. പര്‍ച്ചേസ് ഓര്‍ഡര്‍ പ്രകാരം പദ്ധതിയുടെ ആകെ ചെലവ് 75.32 കോടി രൂപയാണ്. 83.6 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കുമെന്ന് എസ്ആര്‍ഐടി രേഖകള്‍ പറയുന്നു.