എ.എ.റഹിം സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

Kerala

തിരുവനന്തപുരം: സിപിഎമ്മിന് രാജ്യസഭയിലേക്കും പുതിയ മുഖം. എ.എ റഹീം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവും. യുവപ്രാതിനിധ്യം പരിഗണിച്ചാണ് ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായ എ.എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവത്തനം ആരംഭിച്ച റഹീം 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് പതിനായിരം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി കഹാറിനോട് പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി റഹീമിന്‍റെ പേര് ഉയര്‍ന്ന കേട്ടെങ്കിലും സീറ്റ് നല്‍കിയിരുന്നില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്ന മുഹമ്മദ് റിയാസ് മന്ത്രിസഭയില്‍ എത്തിയതോടെയാണ് സംസ്ഥാന സെക്രട്ടറി ആയിരുന്ന റഹീമിനെ അഖിലേന്ത്യ അധ്യക്ഷനാക്കിയത്.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്‍റ്, കേരളാസര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.ഇന്നലെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും നല്‍കാന്‍ എകെജി സെന്‍ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറിനെ സിപിഐ സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *