എസ് .എസ് .എല്‍.സി പരീക്ഷ: വിജയം 99.69 ശതമാനം

Top News

തിരുവനന്തപുരം: 2024 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു.ആകെ 99.69 ശതമാനം പേര്‍ വിജയിച്ചു. 99.92 ശതമാനം പേര്‍ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ ജയിച്ചത്. ഈ പട്ടികയില്‍ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.71831 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
കഴിഞ്ഞ വര്‍ഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. 892 സര്‍ക്കാര്‍ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അണ്‍ എയ്ഡഡ് സ്കൂളുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.
4,27,105 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 4,25,563 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.എസ്.എസ്.എല്‍.സി എഴുത്തു പരീക്ഷയിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. 40 മാര്‍ക്കുള്ള വിഷയത്തിന് 12ഉം 80 മാര്‍ക്കുള്ള വിഷയത്തിന് 24ലുമാണ് മിനിമം മാര്‍ക്ക് എന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മെയ് 9 മുതല്‍ സമര്‍പ്പിക്കാം. അവസാന തീയതി മെയ് 15. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *