എസ്.എസ്.എല്‍.വി ദൗത്യം; ഉപഗ്രഹങ്ങള്‍ ഉപയോഗശൂന്യമായെന്ന് ഐ.എസ്.ആര്‍.ഒ

Top News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എല്‍.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തില്‍ തിരിച്ചടി. സാങ്കേതിക തകരാര്‍ കാരണം വിക്ഷേപണം വിജയത്തിലേക്കെത്തിയില്ല.ഉപഗ്രഹങ്ങള്‍ ഉപയോഗശൂന്യമായതായും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. വിക്ഷേപണ പരാജയം സമിതി പഠിക്കുമെന്നും എസ്.എസ്.എല്‍.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തുമെന്നും ഐ.എസ്.ആര്‍.ഒ പ്രസ്താവനയില്‍ പറഞ്ഞു.വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങള്‍ വിജയകരമാണെങ്കിലും ഒടുവില്‍ ബന്ധം നഷ്ടമാകുകയായിരുന്നു. സെന്‍സര്‍ പരാജയമാണ് വിക്ഷേപണം പരാജയപ്പെടുന്നതിലേക്ക് നയിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിച്ചു.
ഇന്നലെ രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്‍റെ കൗണ്ട്ഡൗണ്‍. ഇത് ഞായറാഴ്ച പുലര്‍ച്ചെ 2.26നാണ് ആരംഭിച്ചത്.137 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-02, ‘സ്?പേസ് കിഡ്സ് ഇന്ത്യ’ വിദ്യാര്‍ഥി സംഘം നിര്‍മിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്’ എന്നിവയാണ് ഡി1 മിഷനില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. പരാജയത്തോടെ ഈ ഉപഗ്രഹങ്ങള്‍ നഷ്ടമായി.പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി ദൗത്യങ്ങള്‍ക്കുശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് (എസ്.എസ്.എല്‍.വി) നിര്‍മിക്കുന്നത്. ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. 10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭൂമിയുടെ 500 കിലോമീറ്റര്‍ താഴെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇതിനാകും.

Leave a Reply

Your email address will not be published. Required fields are marked *