എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവം; 15 പേര്‍ക്കെതിരെ കേസ്

Kerala

.എറണാകുളം മഹാരാജാസ്കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഒരു വനിതാ വിദ്യാര്‍ത്ഥി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയര്‍ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.
കോളേജില്‍ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നും യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു.ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ രീതിയില്‍ പ്രതിരോധം തീര്‍ക്കും. മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍ഷോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *