തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ് എഫ് ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി ജെ ഷൈജുവിനെ ഒന്നാംപ്രതിയാക്കി കാട്ടാക്കട പൊലീസ് ആണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏര്യാ കമ്മിറ്റി മുന്‍ സെക്രട്ടറി വൈശാഖ് രണ്ടാം പ്രതിയാണ്. നേരത്തെ, കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതി ഡിജിപി കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി ജെ ഷൈജുവിനും എസ്എഫ്ഐ നേതാവ് വിശാഖിനും വ്യാജരേഖകള്‍ ഉണ്ടാക്കിയതിലും ആള്‍മാറാട്ടം നടത്തിയതിലും പങ്കുണ്ടെന്നു സര്‍വകലാശാലയുടെ പരാതിയില്‍ പറയുന്നു.യുയുസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്. ഇത് കോളേജിന്‍റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതിനിടെ, കാട്ടാക്കട കോളജ് പ്രിന്‍സിപ്പലിന്‍റെ ചുമതല വഹിച്ചിരുന്ന ഷൈജുവിനെ സ്ഥാനത്തു നിന്നും നീക്കി കേരള സര്‍വകലാശാല ഉത്തരവിറക്കി. ആള്‍മാറാട്ടത്തിന് കൂട്ടുനിന്നതിനാണ് നടപടി. അഞ്ചുവര്‍ഷത്തേക്ക് അധ്യാപകനെ സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍നിന്നും മാറ്റി നിര്‍ത്താനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്‍റെ പേര് നല്‍കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ എസ്എഫ്ഐയും സിപിഎമ്മും വൈശാഖിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
