തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്എസ്എല്‍സി ഐ.ടി പരീക്ഷ മേയ് അഞ്ച് മുതല്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവാണ് പരീക്ഷ സെക്രട്ടറി പുറപ്പെടുവിച്ചത്.
കുട്ടികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുമ്ബും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുമുക്തമാക്കണം. ചീഫ് സൂപ്രണ്ടുമാര്‍ ഇതിന് സംവിധാനം ഒരുക്കണം. ഒരു കുട്ടിക്ക് അനുവദിച്ച പരീക്ഷ സമയം അരമണിക്കൂറാണ്. ദിവസം ഒരു കമ്പ്യൂട്ടറില്‍ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷക്കിരുത്തണം. പരീക്ഷ സമയക്രമം ഓരോ വിദ്യാലയത്തിലും ഏപ്രില്‍ 28ന് മുമ്പ് തയാറാക്കി വിദ്യാര്‍ഥികളെ അറിയിക്കണം.കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.അധ്യാപകരും അനധ്യാപക ജീവനക്കാരും പരീക്ഷ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കണം. വിദ്യാര്‍ഥികള്‍ കഴിയുന്നതും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ധരിക്കണം. ഇക്കാര്യം ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം. സ്കൂള്‍ കോമ്പൗണ്ടിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ കടത്തിവിടാവൂ. സാനിറ്റൈസറിന്റേയും സോപ്പിന്റേയും ലഭ്യത ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വാറന്റീനിലുള്ളവര്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള സജ്ജീകരണങ്ങള്‍ സ്കൂള്‍ തലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തിചേരുന്നതിനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്താന്‍ പ്രഥമധ്യമാപകര്‍ നടപടി സ്വീകരിക്കണം.